മൂവാറ്റുപുഴ : അകാലത്തിൽ വിടപറഞ്ഞ അബ്ബാസ് ഇടപ്പള്ളിയുടെ (48) കബറടക്കം നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൂവാറ്റുപുഴ സെൻട്രൽ ജൂമാ മസ്ജിദ് കബറിസ്ഥാനിലാണ് കബറടക്കം നടത്തിയത്.
മാധ്യമ പ്രവർത്തകൻ, മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ അംഗം, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ നാട്ടിൽ നിറസാന്നിദ്ധ്യമായ അബ്ബാസ് ഇടപ്പള്ളി തിങ്കളാഴ്ച വൈകിട്ടാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.
മരണ വാർത്ത അറിഞ്ഞതുമുതൽ പെരുമറ്റത്തെ വസതിയിൽ സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും, മാധ്യമ പ്രവർത്തകരും, അടക്കം നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു. കബറടക്കത്തിലും പ്രാർഥനയിലും വൻ ജനാവലി പങ്കെടുത്തു.

തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസ്ക്ലബ്ബ് ഹാളിൽ അനുശോചനയോഗം ചേർന്നു. യോഗത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി നൂഹ് പി. ബാവ ഐ.എ.എസ്, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, മുൻ എം.എൽ.എ മാരായ ബാബുപോൾ, എൽദോ എബ്രഹാം, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി അജ്മൽ ച്ക്കുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ്- പ്രസിഡന്റ് സാബുജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യുസ് വർക്കി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എം.അബ്ദുൽ മജീദ്, സജി ജോർജ്, ജോളി പൊട്ടയ്ക്കൽ, പി.എ. ബഷീർ, നസീർ അലിയാർ, അരുൺ പി. മോഹൻ, പി. ചന്ദ്രൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ജി. ബിജു, പി.എസ്.രാജേഷ്. സി.എം. ഷാജി, മുഹമ്മദ് ഷഫീഖ്, ഫൈസൽ മുളവൂർ, എന്നിവർ സംസാരിച്ചു.
സൗമ്യമായ പെരുമാറ്റം, അർപ്പണ മനോഭാവം എന്നിങ്ങനെ മാതൃകാപരമായ വ്യക്തിയായിരുന്നു അബ്ബാസ് ഇടപ്പള്ളി എന്ന് അനുശോചനയോഗത്തിൽ സംസാരിച്ചവർ അനുസമരിച്ചു.



